' ഏറ്റവും ഭയാനകമായ ബഹിരാകാശഫോട്ടോ' നാസയുടെ ആ ഫോട്ടോ വീണ്ടും വൈറലാകുന്നു
ചില ആളുകൾക്ക്, ബഹിരാകാശത്ത് ഒഴുകുന്നതിനെക്കുറിച്ചുള്ള ചിന്ത വിമോചനം നൽകും, മറ്റുള്ളവർക്ക് അത് അസ്വസ്ഥതയുണ്ടാക്കാം. ഈ രണ്ട് വികാരങ്ങളും ഉണർത്തുന്ന ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുകയാണ്. ബഹിരാകാശയാത്രികനായ ബ്രൂസ് മക്കാൻഡ്‌ലെസ് II, ഭൂമിയുടെ നീല പ്രതലത്തിന് മുകളിലായി, ബഹിരാകാശത്തിന്റെ ഇരുണ്ട ശൂന്യതയിൽ പൊങ്ങിക്കിടക്കുന്നതായി കാണാവുന്ന ഫോട്ടോയാണ് നെറ്റിസൺമാരെ വിസ്മയിപ്പിക്കുന്നത്.
ഏകദേശം നാല് പതിറ്റാണ്ടുകൾക്ക് മുമ്പ് 1984 ഫെബ്രുവരിയിൽ എടുത്ത ഫോട്ടോ, സാറ്റലൈറ്റ് റിപ്പയർ ദൗത്യത്തിനായി ചലഞ്ചർ സ്‌പേസ് ഷട്ടിലിൽ നിന്ന് മക്‌കാൻഡ്‌ലെസ് II ഇറങ്ങിയപ്പോൾ ക്ലിക്കുചെയ്‌തതാണ്. 1984-ലെ ന്യൂയോർക്ക് ടൈംസ് ലേഖനമനുസരിച്ച്, ഈ ഫോട്ടോ എടുക്കുമ്പോൾ മക്കാൻഡ്‌ലെസ് II ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 170 മൈൽ (273.5 കിലോമീറ്റർ) മുകളിലായിരുന്നു. മണിക്കൂറിൽ 17,500 മൈൽ വേഗതയിൽ തന്റെ സ്‌പേസ് ഷട്ടിലിനൊപ്പം മക്‌കാൻഡ്‌ലെസ് II ഭൂമിയെ വലംവെക്കുകയായിരുന്നുവെന്നും എന്നാൽ "ബഹിരാകാശത്തിന്റെ വെർച്വൽ വാക്വം കാരണം, അദ്ദേഹത്തിന് തന്റെ വേഗതയൊന്നും മനസ്സിലായില്ലെന്നും" ലേഖനം പറയുന്നു.
@Sciencenature14 എന്ന ഹാൻഡിലിലൂടെ പോകുന്ന ഒരു ജനപ്രിയ സയൻസ് പേജാണ് മക്കാൻഡ്‌ലെസ് II-ന്റെ ബഹിരാകാശ നടത്തത്തിന്റെ ഫോട്ടോ ട്വിറ്ററിൽ പങ്കിട്ടത്. ഫോട്ടോ ട്വീറ്റ് ചെയ്യുമ്പോൾ, ട്വിറ്റർ പേജ് ഇതിനെ "ഒരുപക്ഷേ ഇന്നുവരെയുള്ള ഏറ്റവും ഭയാനകമായ ബഹിരാകാശ ഫോട്ടോ" എന്നാണ് വിശേഷിപ്പിച്ചത്. ഒറ്റ ദിവസം കൊണ്ട് ഒന്നര ലക്ഷത്തിലധികം ലൈക്കുകളാണ് ട്വീറ്റിന് ലഭിച്ചത്.